നിറമുള്ള ജീവിതം by P.B Ramadevi

News

നിറമുള്ള ജീവിതം by P.B Ramadevi

അയൽപ്പക്കത്തെ പൂവൻകോഴി നീട്ടി കൂവിയപ്പോൾ ശാരദ ടീച്ചർ എഴുന്നേറ്റ് സമയം നോക്കി. അഞ്ചു മണി. ജാനു വരുവാൻ ഏഴരയാകണം. അതിന് ഇനിയും ഏറെ സമയം ഉണ്ട്. തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു.അപ്പോഴതാ പതിവില്ലാതെ ഗോപാലേട്ടൻ, " ശാരദേ, നീയും എണീറേറാ? സമയങ്ങട് നീങ്ങണില്ല്യാ.

" അതേ ഗോപാലേട്ടാ, മക്കള് എത്താൻ ഒമ്പത് മണി ആകുംന്നല്ലേ പറഞ്ഞത്, " ടീച്ചർ സംശയം തീർത്തു.

''ങാ, ന്നാലും ശാരദേ നമ്മക്ക് ഭാഗ്യം ണ്ട്. എന്താച്ചാ, കൊറേ കാലായി തട്ടകത്തിലെ ഉത്സവത്തിന് മക്കള് വരാറില്ലെങ്കിലും ഈ പ്രാവശ്യം രണ്ടു പേരും വരുന്നുണ്ടല്ലോ."

" ശരിയാ, അടുത്ത ഉത്സവത്തിന് നമ്മള്ണ്ടാവോ ആവോ?"

പിന്നെ മക്കളുടെ കുട്ടിക്കാലത്തുണ്ടായിരുന്ന വാശിയും പിണക്കവും തമാശയും ഒക്കെ ഓരോന്നോരോന്നായി ഓർത്തെടുത്ത് പറഞ്ഞ് സമയം ഏഴരയാക്കി. വടിയിൽ ഊന്നി ഗോപാലേട്ടനും ചുമരിലും വാതിലിലും ഒക്കെ പിടിച്ച് ടീച്ചറും എഴുന്നേറ്റു. മക്കൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ സ്വന്തം കൈകൾക്കൊണ്ടു തന്നെ ഉണ്ടാക്കണം എന്നു കരുതി ടീച്ചർ, "ജാനു, നീ ഇന്ന് എന്നെ സഹായിച്ചാൽ മാത്രം മതി.പാചകമൊക്കെ ഞാൻ ചെയ്തോളാം."

ജാനു ചിരിച്ചു കൊണ്ട് ,"ആയിക്കോട്ടെ ഇന്ന് രണ്ടു പേരുടേയും മുഖത്തിന് എന്തൊരു തിളക്കം.രണ്ടാൾക്കും പത്ത് വയസ്സ് കൊറഞ്ഞൂലൊ!"

ഉത്സാഹത്തള്ളിച്ചയാൽ ടീച്ചർ അസുഖമെല്ലാം മറന്ന് ജോലിയിലേർപ്പെട്ടു. ചുക്കിച്ചുളിഞ്ഞ വിറക്കുന്ന കൈകൾ പതുക്കെ ചലിക്കുവാൻ തുടങ്ങി. മക്കൾക്ക് ഇഷ്ടമുള്ള നെയ് ദോശയും ചക്കവരട്ടി അടയും ഉഴുന്നുവടയും ആദ്യമേ ഉണ്ടാക്കി വെച്ചു.അതിനു ശേഷം ചോറും കറികളും വെക്കുവാൻ തുടങ്ങി. അപ്പോഴേക്കും ഗോപാലേട്ടൻ കുളിയും നാമവും കഴിഞ്ഞ് വടിയും കുത്തിപ്പിടിച്ച് നാലഞ്ചു പ്രാവശ്യം ഗെയ്ററിലേക്കു പോയി എത്തി നോക്കി വന്നു. കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽ വന്ന് സമയം ഒമ്പതരയായിട്ടും മക്കൾ എത്തിയില്ലല്ലോ എന്നു പറഞ്ഞു. കുറച്ചു നേരം കസേരയിൽ ഇരുന്ന ശേഷം വീണ്ടും ഗെയ്റ്റിലേക്ക്. . അങ്ങിനെ ഒരു പത്തുപന്ത്രണ്ടു പ്രാവശ്യം എത്തി നോക്കി, എന്നീട്ട് ടീച്ചറോട്, "സമയം പതിനൊന്ന് കഴിഞ്ഞു. ഇതു വരെ എത്തീല്ല്യലോ! എല്ലാ പ്രാവശ്യത്തേയും പോലേയല്ല, ഈ പ്രാവശ്യം തീർച്ചയായും എത്തുമെന്ന് അവർ ഉറപ്പു തന്നിട്ടുള്ളതാ."

"ചിലപ്പോൾ വണ്ടിലേറ്ററായീട്ടാകും ഗോപാലേട്ടാ, " തന്റെ ടെൻഷൻ പുറത്തു കാണിക്കാതെ ടീച്ചർ.

ഭക്ഷണം തയ്യാറാക്കിയ ശേഷം ടീച്ചറും അദ്ദേഹത്തോടൊപ്പം ഗെയ്ററിൽ പോയി നിന്നു. ഈ സമയം ജാനു അവരുടെ അടുത്തുവന്ന്, "ജോലികളെല്ലാം കഴിഞ്ഞു. പാലട അല്പം ചൂടാറിയപ്പോൾ ഞാൻ അടച്ചു വെച്ചിട്ടുണ്ട്.ഞാൻ വീട്ടിലേക്കു ചെല്ലട്ടെ ടീച്ചർ.എല്ലാവരും അവിടെ എന്നെ കാത്തിരിക്ക്യാ."

ജാനുവിന്റെ മൂത്ത മകളും കുട്ടികളും ഇന്നലെ വന്നു. രണ്ടാമത്തെ മകളുടെ മകൾ നഴ്സിങ്ങ് ഹോസ്റ്റലിൽ നിന്നും എത്തിയപ്പോൾ രാത്രിയായി. അതു കൊണ്ട് അവർ ഇന്നാണ് എത്തിയത്. മകൻ ശശിക്ക് ഇന്നും ഒരു കൂലിപ്പണി കിട്ടിയതാണ്. എല്ലാവരുടേയും കൂടെ കൂടുവാൻ വേണ്ടി പോകേണ്ടെന്നു വെച്ചു.

നിന്നു വയ്യാതായപ്പോൾ ഗോപാലേട്ടനും ടീച്ചറും വരാന്തയിൽ ചവിട്ടുപടിയിൽ വന്ന് ഇരിപ്പായി.രണ്ടു മണിയായപ്പോൾ ഉത്സവത്തിലെ കൊട്ട് മുറുകി. രാവിലത്തെ ഉത്സവം അവസാനിക്കാറായി. വിശന്നു വാടിത്തളർന്ന രണ്ടു പേരുടേയും വയറ്റിൽ നിന്നും ചൂളംവിളി മുറുകി. ഈ സമയം ഗോപാലേട്ടൻ, ''ശാരദേ, നീ വല്ലതും കഴിച്ചോ ?"

''ഒരു ഗ്ലാസ് ചായ കുടിച്ചു. മക്കള് എത്തീട്ട് ഒരുമിച്ച് കഴിക്കാം. എത്ര നാളായി ഒന്നിച്ചിരുന്ന് കഴിച്ചട്ട്. അല്ലാ, ഗോപാലേട്ടൻ വല്ലതും കഴിച്ചോ? "

"ഞാനും ഒരു ഗ്ലാസ് ചായ കുടിച്ചു. അവരെത്തീട്ടാവാംന്ന് ഞാനും കരുതി. വൈക്യാലും മക്കള് വരാണ്ടിരിക്കില്ല്യാ. വഴീല് വല്ല ബ്ലോക്കുംണ്ടായാവോ?"

ഗോപാലേട്ടൻ നെറ്റിയിലെ വിയർപ്പ് മുണ്ടിന്റെ തലപ്പു കൊണ്ട് തുടച്ചു കളയുന്നതിനിടയിൽ പറഞ്ഞു.

"ബ്ലോക്കുണ്ടായാലും എത്തണ്ട സമയായല്ലൊ. കുട്ട്യോൾക്ക് വല്ല വയ്യായീംണ്ടായാവോ? കോളേജിലാന്ന് പറഞ്ഞട്ട് കാര്യല്ല്യാ.ബിജൂന്റെ ചെറ്യോന് എന്നും ശ്വാസം മുട്ടാ. ഇവടെ വല്ലോരേം കാണിക്കാംന്ന്ച്ചാ സമ്മതിക്കുംല്ല്യ. എന്റെ ഭഗവതീ, കാത്തോളണേ...! "ടീച്ചർ തൊഴു കയ്യോടെ .

വരാന്തയിലെ ഘടികാരത്തിൽ മൂന്നടിച്ചു .പടിക്കൽ കൂടി ജാനുവും മക്കളും പേരക്കുട്ടികളും കാവടി കഴിഞ്ഞ് മടങ്ങിപ്പോകുന്നു. കുട്ടികളുടെ കയ്യിൽ പീപ്പിയും ബലൂണുമൊക്കെയായി ആകെ തിക്കും തിരക്കും കളിയും ചിരിയും.ഗേററിൽ എത്തിയപ്പോൾ അത്ഭുതത്തോടും അതിലേറെ വിഷമത്തോടും കൂടി ജാനു, "ഗോപാലേട്ടാ, മക്കള് ഇതുവരേം എത്തീല്ലേ? "

"ഇല്ല്യാ."

സമാധാനിപ്പിക്കുവാൻ വേണ്ടി ജാനു വീണ്ടും "രാത്രി പൂരത്തിന് എന്തായാലും എത്താണ്ടിരിക്കില്ല്യ. രണ്ടാള്ടേം മുഖം വല്ലാണ്ട് വാടീട്ട്ണ്ടല്ലോ. ഊണ് കഴിച്ചില്ല്യേ?"

''മക്കള് വന്നട്ടാകാംന്ന് കരുതി, "ടീച്ചർ പ്രതീക്ഷയോടെ.

"അയ്യോ! നിങ്ങള് രണ്ടാളും പോയി വേഗം ഭക്ഷണം കഴിയ്ക്കോ. ഷുഗറും പ്രഷറും ഒക്കെ ഉള്ളതാ!"

ജാനുവും പോയി മറയുന്നതു വരെ അവർ നോക്കിക്കൊണ്ടു നിന്നു.രണ്ടു പേരും അകത്തു പോയി ഓരോ ഗ്ലാസ് ചൂടുവെള്ളം കുടിച്ച് പോയിക്കിടന്നു. ഫോൺ ബെൽ മുഴങ്ങിയപ്പോൾ ഗോപാലേട്ടൻ എടുത്തു സംസാരിച്ച ശേഷം നിരാശയോടെ ടീച്ചറോട്, "ബിന്ദുവാണ്. അവൾക്ക് ഇന്ന് ഓഫീസിൽ വലിയ തിരക്കാണെന്ന്.തന്നേയുമല്ല കുട്ടികൾക്ക് പരീക്ഷ അടുത്തെന്ന് .അതോണ്ട് അടുത്ത കൊല്ലം വരാംന്ന്.

അദ്ദേഹം അവിടെ ചാരുകസേരയിൽ ഇരുന്നു. മനസ്സിലെ വിഷമം മുഖത്ത് നല്ലപോലെ പ്രകടമാകുന്നതു കണ്ട് ടീച്ചർ, " ബിജു എന്തായാലും വരും അവൻ അത്ര ഉറപ്പിച്ച് പറഞ്ഞട്ട്ണ്ട്.''

അഞ്ചുമണിയായപ്പോൾ ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി. ഈ പ്രാവശ്യവും പ്രതീക്ഷയോടുകൂടിത്തന്നെയാണ് അദ്ദേഹം ഫോൺ എടുത്തത്. റിസീവർ വെച്ചതും കണ്ണുകൾ നിറയുവാൻ തുടങ്ങി. ഇടറുന്ന ശബ്ദത്തോടെ, "ബിജുവാണ്. " തൊണ്ട ഇടറി കുറച്ചു നേരം നിറുത്തിയ ശേഷം "അവന് ബിസിനസ് തിരക്കാണിപ്പോൾ. വർഷാവസാനമായതിനാൽ കണക്കുകൾ കൊടുക്കണമെന്ന് .അവനും അടുത്ത വർഷം വരാമെന്ന്."

വൈകിയിട്ടുള്ള ജോലി ചെയ്യുവാനായി ജാനു വന്നപ്പോൾ വാതിൽ തുറന്നു കിടക്കുന്നു. അടുക്കളയിൽ നോക്കിയപ്പോൾ കാപ്പിയും പലഹാരങ്ങളും ചോറും കറികളും അവരുടെ ദുഃഖത്തിൽ പങ്കു ചേർന്ന പോലെ തണുത്ത് കട്ടപിടിച്ചിരിക്കുന്നു. മുറിയിൽ നോക്കിയപ്പോൾ രണ്ടു പേരും കിടക്കുകയാണ്. ഉള്ളിലെ വിഷമം വെന്തുരുകി ലാവയായി കുഴിഞ്ഞ കണ്ണുകളിലൂടെ ഒഴുകുന്നു. ജാനുവിനെ കണ്ടപ്പോൾ തളർന്ന് താഴ്ന്ന ശബ്ദത്തോടെ ടീച്ചർ, "ജാനൂ, നീ എത്ര ഭാഗ്യവതിയാ .ഇന്ന് നീ ഇവിടുത്തെ രാത്രിജോലി ഒന്നും ചെയ്യണ്ട. വേഗം പോയി കുട്ട്യോളെ കൂട്ടി പൂരം കാണാൻ പൊക്കോളൂ. നാളെ ഉച്ചതിരിഞ്ഞ് വന്നാൽ മതി."

പിന്നാലെ ഗോപാലേട്ടന്റെ വാക്കുകൾ " ജാനൂ, നിന്റെ ജീവിതം നിറമുള്ളതാ. ചെല്ലൂ വേഗം മക്കളുടെ അടുത്തേക്ക്. സമയം കളയേണ്ട. എല്ലാ നിറങ്ങളും കൂടിച്ചേർന്ന് ഒരു മഴവില്ലാകട്ടെ."

ജാനുവിന് വിഷമം അടക്കാൻ സാധിച്ചില്ല സമാധാനിപ്പിക്കുവാൻ വാക്കുകളില്ലാതെ നിറഞ്ഞ കണ്ണുകളുമായി അവൾ വീട്ടിലേക്കു പോയി.

അടുത്ത ദിവസം പ്രഭാതത്തിൽ അയൽപ്പക്കത്തെ പൂവൻകോഴി പല പ്രാവശ്യം നീട്ടിക്കൂവിയീട്ടും അവർ അറിഞ്ഞില്ല.

Reviews

Rate & Write Reviews