കുഞ്ഞി

News

കുഞ്ഞി

"ത്രേസ്യേ.. ഒരടക്ക പോലും കാണാനില്ലാലോ.. ഒരു പൊടിക്ക് പോലും കിട്ടാനില്ലാലോ.. എവ്ടെ പോയീതാവോ.." "കുഞ്ഞിയേടത്തി.. അടക്ക ഒന്നൂല്ല. കവുങ്ങുമ്മൽ കണ്ടില്ല്യേ.. ഒന്ന് പോലൂല്ല.. പിന്നെന്തിനാ വെർതേ അയ്ന്റെ ചോട്ടിൽ കാട്ടിലൂടെ ഇങ്ങനെ നടക്കണെ.." എൺപത് കഴിഞ്ഞിട്ടും കുഞ്ഞിയുടെ മനസ്സിന് ഒട്ടും തളർച്ച ബാധിച്ചിട്ടില്ല. രാത്രി ഉറക്കമിളച്ചിരുന്നു മുറുക്കാൻ പുകയിലയും വെറ്റിലയും കൂടെ അടക്കയും വേണം. വാങ്ങി വച്ചതൊക്കെ പകല് തന്നെ ചവച്ചു തീരും. ഉറക്കം ലവലേശം ഇല്ലല്ലോ. പിന്നെ രാത്രി എന്താ ചെയ്ക? എത്ര തിരഞ്ഞിട്ടും തന്റെ വരണ്ട ചുണ്ടിനെ തൃപ്തിപ്പെടുത്താൻ ഒരു ചെറിയ അടക്ക പോലും കണ്ടെടുക്കാൻ കഴിയാത്ത വിഷമത്തിൽ കൂനിക്കൂനി വന്ന് കുഞ്ഞി ത്രേസ്യയുടെ വീട്ടുകോലായിൽ കാലു നീട്ടി ഇരുന്നു. ത്രേസ്യയും മകനും മാത്രമാണ് വീട്ടിൽ താമസം. അതിന് രണ്ടു വീടപ്പുറം ഓട് മേഞ്ഞ, നിലത്തു ചാണകം തേവിയ ചെറിയൊരു കൂരയിലാണ് കുഞ്ഞിയുടെ താമസം. കുഞ്ഞി ഒറ്റക്കാണ്, മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു പൂച്ച പോലുമില്ല കൂട്ടിന്. "ന്റെ കുഞ്ഞിയേടത്തിയെ..ഇങ്ങൾക്കീ മുറുക്കലും കുടീമൊക്കെ ഒന്ന് നിർത്തിയാലെന്താ? വയസ്സെത്രയായി ന്നാ വിചാരം? വല്ല ബോധോമുണ്ടോ?" ത്രേസ്യയുടെ മുഖത്ത് നോക്കി പാതി വിടവുള്ള പല്ല് കാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞി എഴുന്നേറ്റു. മറുത്തൊന്നും പറയാതെ തൊട്ടാവാടിച്ചെടികൾ കാടുകേറിയ ഇടവഴിയിലൂടെ, അവിടവിടെയായി തുള വീണ് മുഷിഞ്ഞ ലുങ്കിയുടെ കോന്തല വലിച്ചു പിടിച്ചു കൊണ്ട് അവർ തന്റെ കൂരയിലേക്ക് നടന്നു. ഒറ്റക്ക് ഒരു വീട്ടിൽ മിണ്ടാനും പറയാനും ആരുമില്ലാതെ ഇങ്ങനെ കഴിയാനാ ഇവർക്കീ വയസ്സായ കാലത്ത് യോഗം എന്ന് പറഞ്ഞ് നാട്ടുകാരൊക്കെ പരിതപിക്കും. ഈ വയസ്സായിട്ടും അവരൊറ്റക്ക് ജീവിച്ചു കാണിക്കുന്നല്ലോ എന്ന് പറഞ്ഞ് വേറെ ചിലർ വാഴ്ത്തും. കുഞ്ഞിക്ക് ഇതൊന്നും വിഷയമല്ല. അവർ ആരെയും കേൾക്കാറുമില്ല. കൂരയുടെ തിണ്ണയിൽ കൂട്ടിവച്ച ചുണ്ണാമ്പും പുകയിലയും വെറ്റിലയും കട്ടിളയുടെ മേൽത്തട്ടിൽ ഭദ്രമായി സൂക്ഷിച്ചു വച്ച തുണിസഞ്ചിയിൽ വാരിപ്പൊതിഞ്ഞു വച്ചിട്ട് കുഞ്ഞി അടുപ്പ് കൂട്ടിയിടത്തേക്ക് നടന്നു. ഉച്ചത്തേക്ക് കഴിക്കാനുള്ളത് വച്ചിട്ട് വേണം മുന്നിൽ കാട് കേറിക്കിടക്കുന്ന പുല്ലൊക്കെ വെട്ടിത്തെളിക്കാൻ. മൂന്ന് വട്ടം കിണറ്റിൽ നിന്ന് കോരിയെടുത്ത തണുത്ത വെള്ളത്തിൽ കഴുകി ശുദ്ധിയാക്കിയ കുത്തരി അടുപ്പിന് മേൽ വച്ച ചെമ്പിൽ വേവിക്കാൻ ഇട്ടു. പിന്നാമ്പുറത്ത് കൂട്ടിയിട്ട തേങ്ങയിലൊന്ന് വാക്കത്തി കൊണ്ടുരിച്ചെടുത്ത് വക്ക് പൊട്ടിയ പിഞ്ഞാണത്തിൽ ചിരകി ഇട്ടു. മിക്കപ്പോഴും ഉച്ചക്ക് തേങ്ങാ ചിരകി ഇട്ട കഞ്ഞി തന്നെയാണ്. അതാവുമ്പോൾ വലിയ പണിയുമില്ല. "കുഞ്ഞിയമ്മേ.. ഇങ്ങട് വന്നേ..." വടക്കേതിലെ രാഘവൻ ആണ്. രാഘവന്റെ കയ്യിൽ മൂന്നാലടക്കയുമുണ്ട്. മിഠായി കണ്ട സന്തോഷത്തിൽ മൂന്നോ നാലോ വയസ്സ് പ്രായമുള്ള മുട്ടിറക്കമുള്ള പാവാടയണിഞ്ഞ കുട്ടിയെ പോലെ കുഞ്ഞി ചിണുങ്ങി ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി.

Reviews

Rate & Write Reviews