പൂച്ചയ്ക്കൊരു മണികെട്ടാം

News

പൂച്ചയ്ക്കൊരു മണികെട്ടാം

പണ്ടു പണ്ടൊരു വീട്ടിൽ തട്ടും പുറത്ത് നിരവധി എലികൾ പാർത്തിരുന്നു. അവർ തങ്ങൾക്കു കിട്ടുന്ന ആഹാരം പരസ്പരം നൽകി സന്തോഷത്തോടെ അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് എവിടെ നിന്നോ വന്ന ഒരു പൂച്ച ആ വീട്ടിൽ താമസം തുടങ്ങിയത്. തട്ടും പുറത്ത് എലികളെ കണ്ട പൂച്ച അവിടെ സ്ഥിരതാമസമാക്കി. അവൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പമ്മി നടന്നു തന്റെ കയ്യിൽ കിട്ടുന്ന എലികളെയെല്ലാം ഭക്ഷിച്ചു. പൂച്ചയുടെ ശല്യം കൂടി വന്നപ്പോൾ എലികളെല്ലാം തട്ടും പുറത്ത് ഒരു യോഗം  ചേർന്നു. എങ്ങനെ പൂച്ചയിൽ നിന്നും രക്ഷപ്പെടാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. കൂട്ടത്തിൽ ഒരു എലി പറഞ്ഞു.

 

“രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂച്ച നമ്മളെ വേട്ടയാടുകയാണ്. അതിനൊരു അവസാനം വേണം.”

 

അപ്പോൾ മറ്റൊരു എലി പറഞ്ഞു 

 

“അതെ അതു ശരിയാണ്. പൂച്ച പമ്മി വരുന്നതു കാരണം നമുക്ക് ഓടി രക്ഷപ്പെടേണ്ട സമയം പോലും കിട്ടുന്നില്ല. അടുത്തെത്തി കഴിയുമ്പോൾ ആയിരിക്കും പൂച്ചയെ കാണുന്നത്. അപ്പോൾ പിന്നെ രക്ഷപ്പെടാനും കഴിയില്ല.”

 

ഇതു കേട്ടതും മറ്റൊരു എലി പറഞ്ഞു

 

“നമുക്ക് പൂച്ച വരുന്ന ശബ്ദം കേൾക്കാൻ പറ്റിയാൽ നല്ലതായിരുന്നു. അപ്പോൾ നമുക്ക് ഓടി ഒളിക്കാൻ സമയവും കിട്ടും.”

 

അങ്ങനെ എലികളുടെ ചർച്ച പൂച്ച വരുന്നത് അറിയാൻ എന്തെങ്കിലും ഒരു ഉപായം കണ്ടെത്തുന്നതിലേക്കായി. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോഴാണ് കൂട്ടത്തിൽ ചെറിയ ഒരു എലി ഇങ്ങനെ പറഞ്ഞത്.

 

“നമുക്ക് പൂച്ചയ്ക്ക് ഒരു മണി കെട്ടികൊടുക്കാം. അതാകുമ്പോൾ പൂച്ച വരുന്ന ഒച്ച കേട്ടു നമുക്ക് ഓടി ഒളിക്കാം.”

 

ഈ അഭിപ്രായം എല്ലാവർക്കും ഇഷ്ടമായി. അവർ അതിനെ അനുകൂലിച്ചു. പിന്നെ അവരുടെ ചർച്ച എങ്ങനെ പൂച്ചയ്ക്ക് മണി കെട്ടാം എന്നതായി. അപ്പോൾ കൂട്ടത്തിൽ ഒരു എലി പറഞ്ഞു

 

“അങ്ങനെയാണെങ്കിൽ എന്നും ഉച്ചയ്ക്ക് വയറു നിറച്ചു ആഹാരം കഴിച്ചതിനു ശേഷം പൂച്ചക്കൊരു ഉറക്കമുണ്ട്. നമുക്ക് ഈ സമയം നോക്കി പോയി മണി കെട്ടിയാലോ?”

 

ആ അഭിപ്രായം എല്ലാവർക്കും ഇഷ്ടമായി. എല്ലാവരും അതിനെ അനുകൂലിച്ചു. അപ്പോഴാണ് കൂട്ടത്തിലെ പ്രായമായ എലി എല്ലാവരോടുമായി ചോദിച്ചത്

 

“പൂച്ചയ്ക്ക് മണി കെട്ടുക എന്നത് വളരെ നല്ല ആശയം തന്നെയാണ്. പക്ഷേ ആരാണ് പൂച്ചയ്ക്ക് മണി കെട്ടാനായി പോകുന്നത്? അതറിഞ്ഞാൽ കൊള്ളാമായിരുന്നു.”

 

ഇതു കേട്ടതും അവർ പരസ്പരം നോക്കി.

 

“ആരു ചെയ്യും ആരു ചെയ്യും”

 

അവർ പരസ്പരം പിറു പിറുത്തു. ആരും അതിനു തയ്യാറായി മുന്നോട്ട് വന്നില്ല. അഭിപ്രായം പറഞ്ഞ എലികളാരും തന്നെ തയ്യാറായില്ല. അങ്ങനെ അവരുടെ യോഗം തീരുമാനം ഒന്നും ആകാതെ തന്നെ അവസാനിപ്പിച്ചു

 

ഗുണപാഠം

ഒരു പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുക എന്നത് വളരെ എളുപ്പവും എന്നാൽ അതു പ്രാവൃത്തികമാക്കുക എന്നതു വളരെ പ്രായസവുമാണ്.

 

Reviews

Rate & Write Reviews