കാക്കകൾ കരയുന്നു,
കഴുകൻ ചിറകടി-
ച്ചാർക്കുന്നു, വരുന്നുണ്ടു
മരണം മദിക്കുന്നു!
വൃത്തികെട്ടൊരു മൃഗം
നീട്ടി നിശ്വസിക്കുന്ന
ദുർഗന്ധം കാറ്റിൻ ചുമ-
ലേറിയെത്തുന്നു;നദി-
ക്കക്കരെ,കറുത്തൊരു
സൂര്യന്റെ നിഴൽപ്പാടി-
ലസ്‌ഥിയായണുക്കളായ്
ചിന്നുന്നു ചിതറുന്നു.
അബ്‌ദങ്ങളാലാപിച്ച
സ്വാതന്ദ്രസംഗീതങ്ങൾ;
'അഗ്നിവീണ'യിൽനിന്നു -
മുയർന്ന ഖദ്യോതങ്ങൾ;
'നിർഭയമനസ്സുകൾ-
കുത്തുംഗശിരസ്സുകൾ-
ക്കർപ്പിച്ച തേജോമയ-
ദർശനസൗധര്യങ്ങള്‍!
അങ്കണങ്ങളിൽ,റെയിൽ-
പ്പാളത്തിൽ,കലാലയ-
മംഗലാസോപാനത്തിൽ,
വഴിയിൽ,വയൽവാക്കിൽ,
കമ്പനിപ്പടികളിൽ,
കമ്പോളങ്ങളിൽ,ജീവൻ
സ്പന്ദിക്കുമിടങ്ങളി-
ലൊക്കെയും സ്വാതന്ത്ര്യത്തിൻ -
നൂറുനൂറുത്താരകൾ!-
അവിടേശ്ശയിക്കുന്നു
ഹാ ! തിരുമുറിവാർന്ന
മനുഷ്യപുത്രൻ വീണ്ടും!
നഗ്നഗാത്രയായ്,ഭഗ്ന-
ചാരിത്രയായി രക്ത-
മാഗ്നയായ് കിടക്കുന്ന
മാതാവായ്, മകളായി,
മരിച്ച മാലാഖപോ-
ലുറങ്ങും ശിശുവായി,
മലർന്ന കുരിശുപോൽ
ശയിക്കും പിതാവായി,
മകനായ്,കൂടപ്പിറ-
പ്പാ,യോളിപ്പോരാളിയായ്
മനുഷ്യപുത്രൻ വീണ്ടു-
മവിടെ മരിക്കുന്നു!
ഉയിർത്തെഴുന്നേൽപിൻറെ-
യുജ്ജ്വലമുഹൂർത്തത്തെ
വിളിച്ചുണർത്താൻ,കാറ്റായ്,
കടലായ്, കാർമേഘമായ്,
ഈയാനന്തമാം കൂരി-
രുട്ടിൽ ഞാനലയുന്നു!
ഈയാഗ്നിശലഭങ്ങ-
ളെൻ തപ്തഹ്യൽസ്പന്ദങ്ങൾ!